ന്യൂഡൽഹി: മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എഴുപതിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നീക്കം. സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ് മങ്കിപോക്സ് രോഗം കൂടുതലായും കാണപ്പെടുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ദക്ഷിണ കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതിനാൽ സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാൽ രോഗവ്യാപനം ഒരുപരിധി വരെ തടയാനായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മങ്കിപോക്സിനെതിരെയുള്ള നീരീക്ഷണം വർദ്ധിപ്പിക്കുകയും പൊതുജനാരോഗ്യ നടപടികൾ ശക്തമാക്കുകയും ചെയ്യണമെന്ന് തെക്ക്-കിഴക്കൻ ഏഷ്യാ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അതിവേഗമാണ് മങ്കിപോക്സ് വ്യാപിക്കുന്നതെന്നും പുതിയതായി നിരവധി രാജ്യങ്ങളിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞതായും സംഘടന സൂചിപ്പിച്ചു. ഇത് ആശങ്കാജനകമായ കാര്യമാണെന്നും 75ഓളം രാജ്യങ്ങളിലെ 16,000 പേരിൽ ഇതിനോടകം രോഗബാധ കണ്ടെത്തിയതായും ഡോ. പൂനം ഖേത്രപാൽ പറഞ്ഞു.
ദക്ഷിണ-കിഴക്കൻ ഏഷ്യയിൽ ഇതുവരെ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചത്. നാല് പേർ ഇന്ത്യയിലും ഒരാൾ തായ്ലാൻഡിലുമാണ്. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേരും ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവരായിരുന്നു. തായ്ലാൻഡിൽ രോഗം സ്ഥിരീകരിച്ചത് വിദേശപൗരനാണ്. ഇനിയും കൂടുതൽ രാജ്യങ്ങളിലേക്ക് രോഗവ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്. വൈറസിനെക്കുറിച്ച് പല കാര്യങ്ങളും അജ്ഞാതമാണെന്നും അതിനാൽ ഏവരും ജാഗ്രതയോടെയിരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Comments