മുംബൈ : ഒരു പ്രശസ്ത മാഗസിന് വേണ്ടി നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് താരം രൺവീർ സിംഗിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരാധകരിൽ നിന്നും സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. ഇതിന് പുറമേ രൺവീറിന്റെ പ്രവർത്തി വ്യാപക വിമർശനത്തിനും ഇടയാക്കിയിരുന്നു. പിന്നാലെ രൺവീർ സിംഗിനെതിരെ മുംബൈ പോലീസിൽ പരാതിയും ലഭിച്ചു.
സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി എന്നാണ് രൺവീർ സിംഗിനെതിരെ നൽകിയ പരാതിയിൽ പറയുന്നത്. പേപ്പർ മാഗസിന് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. നിമിഷ നേരം കൊണ്ട് വൈറലായ ചിത്രത്തിനെതിരെ സിനിമാ രംഗത്ത് നിന്നുവരെ വിമർശനം ശക്തമാണ്.
ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ടിഎംസി എംപിയും ബംഗാളി താരവുമായ മിമി ചക്രവർത്തിയും രംഗത്തെത്തി. രൺവീർ സിംഗിന്റെ സ്ഥാനത്ത് ഒരു സ്ത്രീയായിരുന്നെങ്കിൽ അഭിനന്ദനത്തിന് പകരം അവരുടെ വീട് കത്തിക്കുകയോ വേശ്യ എന്ന് വിളിച്ച് അവഹേളക്കുകയോ ഭീഷണിപ്പെടുത്തുകയോ ആയിരിക്കും ചെയ്യുക എന്ന് മിമി പറഞ്ഞു. എല്ലാവരോടും അവരുടെ കാഴ്ചപ്പാട് വിശാലമാക്കാനും മിമി ആവശ്യപ്പെട്ടു.
സമത്വത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, എന്നാൽ അതിന്റെ സ്ഥാനം ഇപ്പോൾ എവിടെയാണ് ? ഒരു വ്യക്തിയുടെ കാഴ്ചപ്പാടിന് ഒരാളെ മൊത്തത്തിൽ മാറ്റാനോ അല്ലെങ്കിൽ നശിപ്പിക്കാനോ സാധിക്കും. അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാക്കാം എന്ന് മിമി പറഞ്ഞു.
Comments