ന്യൂഡൽഹി: ഇ ഡിയുടെ നിയമസാധുതകളും അന്വേഷണ രീതികളും ചോദ്യം ചെയ്തുവരുന്ന പ്രതിപക്ഷ പാർട്ടികളുടെ വായടപ്പിച്ച വിധിയാണ് സുപ്രീംകോടതി കളളപ്പണ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയത്. കള്ളപ്പണ ഇടപാടുകളും സ്വർണ്ണ കള്ളക്കടത്തും വലിയതോതിൽ നടന്നു വരുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ശക്തമായ നിയമ സംവിധാനം വേണമെന്ന വിലയിരുത്തലിലായിരുന്നു കോടതിയുടെ തീരുമാനം. കള്ളപ്പണം തടയൽ നിയമത്തിലെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും വസ്തുവകകൾ കണ്ടുകെട്ടാനും ജാമ്യം നൽകാനുമുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നതാണെന്നായിരുന്നു കോടതിയുടെ വിധി.
ഇഡിയുടെ അധികാരങ്ങളും സാധുതയും ഈ വിധിയിലൂടെ കൂടുതൽ ഉറപ്പിക്കുന്നു. ഇഡിക്കെതിരെ പ്രത്യക്ഷ സമരവുമായി ഇറങ്ങിയിട്ടുളള കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും കേരളത്തിലെ സിപിഎമ്മിനും ഉൾപ്പെടെ വിധി തിരിച്ചടിയാണ്. ഇഡി രജിസ്റ്റർ ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) എഫ്‌ഐആറിന് തുല്യമാക്കിയതിലൂടെ ഇതും കേസുകളിൽ നിർണായകമാകും. രാഷ്‌ട്രീയ നേതാക്കന്മാരുൾപ്പെടെയുള്ളവർ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസുകളിൽ പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
അടുത്തിടെയാണ് കൊൽക്കത്തയിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയുടെ വീട്ടിൽ നിന്നും 20 കോടി രൂപ പിടികൂടിയത്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയയും രാഹുലും ചോദ്യം ചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കുന്നു. എൻഫോഴ്സ്മെന്റ് പിടിക്കപ്പെട്ട നിരവധി കേസുകൾ ഇന്ന് കോടതിയുടെ പക്കലുണ്ട്. ഇതിൽ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പക്ഷെ ഇഡിക്കും, കേന്ദ്രസർക്കാരിനുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.
നാഷണൽ ഹെറാൾഡ് കേസിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമുൾപ്പെടുന്നവരെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. കേരളത്തിലും സമാന സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലും , സ്വർണ്ണ കള്ളക്കടത്തും നടത്തിയത് മൂലം രാഷ്‌ട്രീയ നേതാക്കളും മന്ത്രിമാരുമുൾപ്പെടെ നിരവധിപേർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം തീർക്കുകയാണെന്ന് ആണ് പ്രതിപക്ഷ ആരോപണം. 2014 ൽ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ കളളപ്പണക്കാർ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. അനധികൃതമായി ഉണ്ടാക്കിയ കണക്കില്ലാത്ത കള്ളപ്പണം പലരിൽ നിന്നുമായി പിടിച്ചെടുത്തിരുന്നു. സുപ്രീംകോടതി വിധിയോടെ പിടിക്കപ്പെടുന്നവർ ഇനിമുതൽ ശക്തമായ നടപടികളായിരിക്കും നേരിടേണ്ടി വരിക. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് .
















Comments