തിരുവനന്തപുരം: പാക്കറ്റിൽ ലഭിക്കുന്ന അരിയുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് വെറും വാക്കെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സംസ്ഥാനം ജിഎസ്ടി ഈടാക്കാൻ തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കറ്റിൽവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനം നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രി കെ. എൻ ബാലഗോപാലും വ്യക്തമാക്കിയത്. എന്നാൽ ഇതെല്ലാം ജനങ്ങളെ മണ്ടന്മാരാക്കുന്ന വാചാടോപം മാത്രമാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഒരാഴ്ച മുൻപാണ് പാക്കറ്റിൽ വരുന്ന അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് സംസ്ഥാനം അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കാൻ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ ഈ മാസം 18ന് തന്നെ നികുതി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നികുതി വകുപ്പ് ജിഎസ്ടി ഈടാക്കാൻ ആരംഭിച്ചത്. മുഖ്യമന്ത്രി പറയുന്നതുപോലെ ഇനി നികുതി ഈടാക്കാതിരിക്കാൻ സംസ്ഥാനത്തിന് കഴിയില്ല. ഇത് സങ്കീർണമായ സാങ്കേതിക പ്രശ്‌നങ്ങൾക്കാകും വഴിവെയ്‌ക്കുക.
സംസ്ഥാനത്തിന് നികുതി ഒഴിവാകണമെങ്കിൽ സർക്കാർ നിലവിലെ വിജ്ഞാപനം പിൻവലിക്കണം. എന്നാൽ നികുതി ഈടാക്കാൻ ആരംഭിച്ചതിനാൽ ഇത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ നികുതി ഒഴിവാക്കാൻ ജിഎസ്ടി കൗൺസിലിന് മേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് സംസ്ഥാനങ്ങളോട് കേരളത്തിന് ആവശ്യപ്പെടാം.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കേരളത്തിന് വേണമെങ്കിൽ കെഎസ്ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്താം. എന്നാൽ ഇതുവഴി സംസ്ഥാന ജിഎസ്ടി വേണ്ടെന്ന് വയ്‌ക്കാനേ സർക്കാരിന് കഴിയുകയുള്ളൂ. നിലവിലെ കേന്ദ്ര ജിഎസ്ടി വേണ്ടെന്ന് വയ്‌ക്കാൻ സർക്കാരിന് കഴിയില്ല. സംസ്ഥാന ജിഎസ്ടി ഒഴിവാക്കാനുള്ള ബില്ല് കേരളം കൊണ്ടുവന്നാലും ഗവർണർക്ക് ഇത് തള്ളുകയോ, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കുകയോ ചെയ്യാം.
ജിഎസ്ടിഎൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വ്യാപാരികൾ ജിഎസ്ടി റിട്ടേൺ ഫയൽചെയ്യുന്നത്. ഇനിയുണ്ടാകുന്ന മാറ്റം ഇതുമായി ബന്ധപ്പെട്ട നടപടികളെയും ബാധിക്കും. അതായത് നിലവിൽ ഈടാക്കുന്ന ജിഎസ്ടിയിൽ നിന്നും കേരളത്തിന് ഒഴിവാകുക ഇനി അസാദ്ധ്യം.
















Comments