ന്യൂഡൽഹി: തമിഴ്നാട്ടിൽ നടക്കുന്ന 44ാമത് ചെസ് ഒളിമ്പ്യാഡിൽ നിന്ന് പിന്മാറിയ പാകിസ്താൻ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ലോകത്തിന് അഭിമാനകരമായ ഒരു മത്സരത്തെ രാഷ്ട്രീയവത്കരിച്ച പാകിസ്താന്റെ നടപടി ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ പ്രയാണം ജമ്മു കശ്മീരിലൂടെ കടന്നു പോയതിൽ പ്രതിഷേധിച്ചാണ് മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പാകിസ്താൻ അറിയിച്ചത്.
” പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന പാകിസ്താന്റെ തീരുമാനം വളരെ പെട്ടന്നായിരുന്നു. ഇത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. പാകിസ്താൻ ടീം ഇന്ത്യയിലെത്തിയതിന് ശേഷമാണ് ഇത്തരം പ്രസ്താവനകൾ നടത്തിയത്. അഭിമാനകരമായ ഒരു പരിപാടിയെ രാഷ്ട്രീയവത്കരിച്ച നിലപാട് ശരിയായില്ല. ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും, അത് അങ്ങിനെ തന്നെ ആയിരിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
Comments