രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം; ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ കേസ്

Published by
Janam Web Desk

ഭോപ്പാൽ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.

രാഷ്‌ട്രപതിയെ കോൺഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി, 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.

പരാമർശത്തിൽ ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മദ്ധ്യപ്രദേശിലും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഷ്‌ട്രപതിയ്‌ക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും അപകീർത്തികരവുമാണെന്ന് വനിതാ കമ്മീഷൻ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. സംഭവത്തിൽ ഓഗസ്റ്റ് മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
Leave a Comment