ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. മൂഡീസിനും ഫിച്ചിനും പുറമെ ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പിയും പാകിസ്താന് നെഗറ്റീവ് റേറ്റിംഗ് പോയിന്റുകളാണ് നൽകിയിരിക്കുന്നത്. ഇക്വഡോറിനും അംഗോളയ്‌ക്കുമൊപ്പം, ബി നെഗറ്റീവ് ആണ് പാകിസ്താന്റെ നിലവിലെ ക്രെഡിറ്റ് റേറ്റിംഗ്.
രൂക്ഷമായ വിലക്കയറ്റവും പാകിസ്താനി രൂപയുടെ മൂല്യത്തകർച്ചയും അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാകിസ്താന് കടം നൽകുന്നത് ലോകരാജ്യങ്ങളും അന്താരാഷ്‌ട്ര ഏജൻസികളും അവസാനിപ്പിക്കാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ ശ്രീലങ്കയിലെ അതേ സ്ഥിതിവിശേഷത്തിലേക്ക് പാകിസ്താനും എത്തിപ്പെടുമെന്ന് അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികൾ വിലയിരുത്തുന്നു.
ഈ വർഷം ഡോളറിനെതിരെ പാകിസ്താൻ രൂപയുടെ മൂല്യം മുപ്പത് ശതമാനമാണ് ഇടിഞ്ഞത്. അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്നും ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും കണക്കില്ലാതെ വാങ്ങിക്കൂട്ടിയ വായ്പയുടെ ബാദ്ധ്യതയും പാകിസ്താന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. രാജ്യത്തിന്റെ ധനക്കമ്മി റെക്കോർഡ് ഉയരത്തിലാണെന്നും അന്താരാഷ്‌ട്ര ഏജൻസികൾ നിരീക്ഷിക്കുന്നു. ശ്രീലങ്കയിലേതിന് സമാനമായ പ്രതിസന്ധി നേരിട്ടേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഗോള ഏജൻസികൾ മുൻനിരയിൽ കണക്കാക്കിയിരിക്കുന്ന രാജ്യമാണ് പാകിസ്താൻ.
Comments