ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണത്തെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടേയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ പിക്ച്ചർ ത്രിവർണ പതാകയാക്കണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. ഇന്ന് നടന്ന 91-ാം മൻ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിനോടൊപ്പം രാജ്യത്തെ പൗരന്മാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽെ അവരുടെ പ്രൊഫൈലായി ത്രിവർണ പതാക ഉപയോഗിക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുമ്പോൾ ചരിത്രപരവും മഹത്വ പൂർണവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് രാജ്യം. നമ്മുടെ വീടുകളിലും നമ്മുടെ പ്രിയപ്പെട്ടവരുടെ വീടുകളിലും ത്രിവർണ പതാക ഉയർത്താൻ നാമെല്ലാവരും പങ്കുചേരണം. ദേശീയ പതാക രൂപകൽപന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. അതിനാൽ 2 മുതൽ 15 വരെ പ്രൊഫൈൽ ചിത്രമായി ‘ത്രിവർണ’ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
Comments