ന്യൂഡൽഹി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേയും ജനങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് വലിയ മുന്നേറ്റമായി മാറുമെന്ന് അറിയിച്ച് പ്രധാനമന്ത്രി. മൻ കി ബാത്തിന്റെ 91-ാം പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ ജനങ്ങളോട് ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ നിർദേശിച്ചു. ത്രവർണ്ണ പതാകയുടെ ശിൽപി പിങ്കലി വെങ്കയ്യയുടെ ജന്മദിന സ്മരണയിൽ ഓഗസ്റ്റ് 2 മുതൽ 15 വരെ ത്രിവർണ്ണ പതാക സമൂഹമാദ്ധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമാക്കാനും അദ്ദേഹം നിർദേശിച്ചു. ചരിത്രപരവും മഹത്തരവുമായ നിമിഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
മൻ കി ബാത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ഉദ്ധം സിംഗിന് അദ്ദേഹത്തിന്റെ 82-ാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ചു. മറ്റു മഹാന്മാരെ കുറിച്ച് പരാമർശിക്കുകയും ചെയ്തു. രാജ്യത്ത്
വളർന്നുകൊണ്ടിരിക്കുന്ന കയറ്റുമതി മേഖലയെ കുറിച്ച് പ്രത്യേകം എടുത്തു പറയുകയുണ്ടായി. ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതി 300-400 കോടി രൂപയിൽ നിന്ന് 2,600 കോടി രൂപയായി ഉയർന്നുവെന്നും ഉടൻ തന്നെ കളിപ്പാട്ട കയറ്റുമതിയിൽ ഇന്ത്യ പ്രധാന കേന്ദ്രമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ചെറുകിട നിർമ്മാണ മേഖലയ്‌ക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പുരാണങ്ങൾ, ചരിത്രം, സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങളാണ് ഇപ്പോൾ അധികവും നിർമ്മിക്കുന്നത്.ചെറുകിട സംരംഭകർ നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾക്കാണ് ആഗോള വിപണിയിൽ കൂടുതൽ ആവശ്യക്കാരെന്നും വ്യക്തമാക്കി.
സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതിൽ രാജ്യം ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിദിനം 20,000 കോടി ഡിജിറ്റൽ ഇടപാടുകലാണ് രാജ്യത്ത് നടക്കുന്നതെന്നും ഇത് മേഖലയിലെ നേട്ടമാണെന്നും പറഞ്ഞു. ശാരീരികമായി വെല്ലുവിളി നേരിടുന്നവരുടെ അസാധാരണ കഴിവുകൾ രാജ്യത്തിനും ലോകത്തിനും പ്രയോജനപ്പെടുത്താൻ സാങ്കേതികവിദ്യയ്‌ക്കായി. ടോക്കിയോ പാരാലിമ്പിക്സിൽ നമ്മുടെ ദിവ്യാംഗ (ശാരീരികമായി വെല്ലുവിളി നേരിടുന്നവർ) ഉജ്ജ്വല വിജയം കാഴ്ച വെച്ചതും അദ്ദേഹം ഓർമ്മിച്ചു.
Comments