പാലക്കാട് : ട്രെയിനിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിൽ വെച്ച് പിടികൂടി. സോപ്പുപെട്ടിയിലും തുണിക്കെട്ടിനുമിടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എട്ട് ലക്ഷം വിലമതിക്കുന്ന 20 ഗ്രാം ഹെറോയിനും നാല് കിലോ കഞ്ചാവും ആർപിഎഫ് സംഘം പിടിച്ചെടുത്തു. ട്രെയിൻ മാർഗം ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടുന്നത് ആദ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
പട്ന-എറണാകുളം ട്രെയിനിലെ തിരക്കേറിയ ജനറൽ കംപാർട്‌മെന്റിലാണ് കഞ്ചാവ് വേട്ട നടന്നത്. വിവിധ ഭാഷാ തൊഴിലാളികൾ കൂട്ടത്തോടെ യാത്ര ചെയ്യുന്ന ഈ കംപാർട്‌മെന്റിൽ ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. ബാഗ് ആരുടേതാണെന്ന് പരിശോധനയ്‌ക്കെത്തിയ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ആവർത്തിച്ച് ചോദിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. തുടർന്ന് ബാഗ് തുറന്നപ്പോൾ ഷർട്ടുകൾക്കിടയിൽ ഒളിപ്പിച്ച നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സോപ്പുപെട്ടിയിൽ നിന്ന് 20 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തു.
ട്രെയിനിലെ പരിശോധനയ്‌ക്കിടെ ബാഗിന്റെ ഉടമ ഓടിമാറിയതാകാമെന്നാണ് നിഗമനം. ബാഗ് പരിശോധിച്ചെങ്കിലും, അതിൽ ആളെ തിരിച്ചറിയാനുള്ള യാതൊരു സൂചനയും സൂക്ഷിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ലഹരിക്കടത്തുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്‌സൈസും.
Comments