മുംബൈ: പത്ര ചൗൾ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ അറസ്റ്റിനെ പ്രതിരോധിക്കാനുളള നീക്കം തുടങ്ങി ഉദ്ധവ് ക്യാമ്പ്. ഭാവി നടപടികൾ ആലോചിക്കാൻ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യോഗം.
അതേസമയം സഞ്ജയ് റാവത്തിന്റെ അറസ്റ്റിൽ ഉദ്ധവിന്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റ് നടപടി അൽപം കടന്നുപോയെന്നും ശരിയായ പ്രവൃത്തിയല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ഞങ്ങളെ നിശബ്ധമാക്കാനാണ് സഞ്ജയ് റാവത്തിന്റെ അറസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച അർദ്ധരാത്രിയായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സഞ്ജയ് റാവത്ത് ഇഡിയുടെ അറസ്റ്റിലായത്. സർക്കാർ ഭൂമി തട്ടിയെടുക്കുക, കെട്ടിട നിർമാതാക്കളോട് അനാവശ്യ പ്രീതി കാണിക്കുക, 1,034 കോടി രൂപ തട്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കറിലായി കിടക്കുന്ന പത്ര ചൗൾ ഭൂമിയിൽ കെട്ടിട പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് കേസ്. സംഭവത്തിൽ സാക്ഷി മൊഴി രേഖപ്പെടുത്തിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും സഞ്ജയ് റാവത്തിനെതിരെ കേസെടുത്തിരുന്നു. സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്ന് 11.50 ലക്ഷം രൂപ കണ്ടെടുത്തതും ഉദ്ധവ് പക്ഷത്തെ വെട്ടിലാക്കുന്നുണ്ട്.
Comments