മുംബൈ : ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് നാല് വരെയാണ് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ചു. ഭാണ്ഡൂപിലുള്ള റാവത്തിന്റെ വീട്ടിലാണ് ഉദ്ധവ് എത്തിയത്. ആരെയും പേടിയില്ല എന്ന് വീട് സന്ദർശിച്ച ശേഷം ഉദ്ധവ് പറഞ്ഞു.
തങ്ങളാണ് യഥാർത്ഥ ശിവസൈനികർ എന്നാണ് ഉദ്ധവിന്റെ അവകാശവാദം. സഞ്ജയ് റാവത്തിനോട് ഇപ്പോൾ വളരെ ബഹുമാനം തോന്നുന്നു. പുഷ്പ എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് ” താഴത്തില്ലട” എന്ന്. ഒരിക്കലും തലകുനിക്കാത്ത വ്യക്തികളാണ് ഉദ്ധവ് പക്ഷത്തുള്ള നേതാക്കൾ. ബാലാസാഹിബിന്റെ യഥാർത്ഥ അനുയായികളും ഞങ്ങൾ തന്നെയാണ്. സഞ്ജയ് റാവത്ത് ഒരു യഥാർത്ഥ ശിവസൈനികൻ ആണെന്നും ഉദ്ധവ് പറഞ്ഞു. സംഭവത്തിൽ സഞ്ജയ് റാവത്തിന് പിന്തുണയുമായി ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഉദ്ധവിന്റെ പുഷ്പ ഡയലോഗ് ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്. സിനിമയിൽ പിതാവിനെ കുറിച്ച് ചോദിക്കുമ്പോഴാണ് നായകൻ പ്രകോപിതനാകുന്നത്. കോൺഗ്രസിനോടും എൻസിപിയോടും സഖ്യമുണ്ടാക്കിയതിലൂടെ ശിവസേനയുടെയും ബാൽ താക്കറെയുടെയും പൈതൃകം നശിപ്പിച്ചു എന്ന വിമർശനം പൊതുവിൽ ഉദ്ധവ് പക്ഷം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, സ്വയം മാസ് സൃഷ്ടിക്കാൻ ഉദ്ധവ് പറഞ്ഞ സിനിമ ഡയലോഗ് വിമർശകർക്ക് വിരുന്നാവുകയാണ്.
Comments