ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മകൾ സോയിഷയും ഗോവയിൽ റസ്റ്റോറന്റ് ഉടമകളല്ലെന്നും അതിനായി ലൈസൻസിന് അപേക്ഷിച്ചിട്ടില്ലന്നും ഡൽഹി ഹൈക്കോടതി.മന്ത്രിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുവെന്ന് കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിനെതിരെ സ്മൃതി ഇറാനി മാനനഷ്ടകേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് കോടതിയുടെ നിരീക്ഷണം. കോൺഗ്രസ്സ് നേതാക്കളായ പവൻ ഖേര, ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവർക്കും കോൺഗ്രസ്സ് പാർട്ടിക്കുമെതിരെയാണ് സ്മൃതി ഇറാനി മാനനഷ്ടത്തിന് കോടതിയെ സമീപിച്ചത്. രണ്ട് കോടി രൂപയാണ് കേന്ദ്രമന്ത്രി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
തന്നെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവ്വം കെട്ടിച്ചമച്ച ആരോപണമാണിതെന്ന് സ്മൃതി ഇറാനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആശയ ദാരിദ്ര്യം പിടിമുറുക്കിയ കോൺഗ്രസ്സ് നേതാക്കൾ വ്യക്തിഹത്യ ചെയ്യുകയാണ്. കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും നടത്തിയ 5000 കോടി രൂപയുടെ കൊള്ളയെ കുറിച്ച് വ്യക്തമാക്കാൻ കഴിഞ്ഞ ദിവസം താൻ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിൽ കലി പൂണ്ട കോൺഗ്രസ്സ് നേതൃത്വമാണ് തന്നെ കുറിച്ച് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കാൻ നിർദ്ദേശം നൽകിയതെന്നും പറയുന്നു.
സ്മൃതി ഇറാനിയ്‌ക്കും മകൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പരാമർശം പിൻവലിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. അതെ സമയം തനിക്കും തന്റെ മകൾക്കുമെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ച കോൺഗ്രസ്സ് നേതാക്കൾ മാപ്പു പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
Comments