കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയ വീട്ടിൽ കിടന്നുറങ്ങി; ബംഗളൂരുവിൽ എട്ട് വയസുകാരിയായ മലയാളി പെൺകുട്ടി മരിച്ചു

Published by
Janam Web Desk

ബംഗളൂരു : ബംഗളൂരുവിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോമ്പിൽ രായരോത്ത് വിനോദ്കുമാർ-നിഷ ദമ്പതിമാരുടെ മകൾ അഹാന (8) ആണ് മരിച്ചത്. വീട്ടിൽ തളിച്ച കീടനാശിനി ശ്വസിച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് മരണം. മാതാപിതാക്കൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ബംഗളൂരുവിൽ വസന്ത്നഗറിലെ മാരിയമ്മൻ കോവിലിന് സമീപം വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഈ വീട്ടിൽ കീടനാശിനി തളിച്ച് വൃത്തിയാക്കണമെന്നും അതിനാൽ രണ്ട് ദിവസം മാറി നിൽക്കണമെന്നും വീട്ടുടമസ്ഥർ ആവശ്യപ്പെട്ടു. തുടർന്ന് വിനോദ് കുമാർ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ ബംഗളൂരുവിൽ തിരിച്ചെത്തിയത്. രാവിലെ കിടന്നുറങ്ങി എഴുന്നേറ്റപ്പോൾ മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രാക്ഷീണം കാരണമാകുമെന്ന് കരുതി സംഭവം കാര്യമാക്കിയില്ല. എന്നാൽ പത്ത് മണിയോടെ മൂവരും അവശരായി. തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തി.

ഉച്ചയോടെയാണ് മകൾ അഹാന മരിച്ചത്. അഹാനയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
Leave a Comment