തിരുവനന്തപുരം: സ്‌പോർട്‌സ് ടീം സജ്ജീകരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ജാതി തിരിച്ച് ടീമുകളെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ചാണ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിന്റെ വംശീയ വിവേചന അജണ്ടയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എബിവിപി പറഞ്ഞു. നഗരസഭയ്‌ക്ക് മുന്നിൽ നടന്ന വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിന് കോർപറേഷൻ പ്രതിപക്ഷ കൗൺസിലർമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ജനറൽ വിഭാഗത്തിലും എസ്‍സി,എസ്ടി വിഭാഗത്തിലും പ്രത്യേകം ടീമുകളെ തിരഞ്ഞെടുക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ ചെയ്തത്. നഗ്നമായ ജാതിവെറിയാണ് കോർപ്പറേഷന്റെ നീക്കത്തിൽ പ്രകടമാകുന്നതെന്നാണ് ആരോപണം. കോർപ്പറേഷന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലും ജാതി തിരിച്ചുളള സെലക്ഷൻ കൃത്യമായി അടിവരയിടുന്നുണ്ട്. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് സി /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയർ വ്യക്തമായി പറയുന്നുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. കായിക മേഖലയെ ജാതീയ വൽക്കരിക്കാനുള്ള നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം. യാതൊരു ആസൂത്രണവും ഇല്ലാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിൽ നഗരസഭയിലെ പ്രതിപക്ഷ പാർട്ടികളും അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments