സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പൻ നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ്. മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സിനിമയെ സ്വീകരിച്ചതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. പാപ്പന് പിന്തുണ നൽകുന്നതിനും അഭിനന്ദനം അറിയുക്കുന്നതിനും നന്ദിയുണ്ട് എന്ന് നടൻ ഫേയ്സ്ബുക്കിൽ കുറിച്ചു. ഇനിയും സിനിമ കാണാത്തവർ അടുത്തുള്ള തിയറ്ററിൽ പോയി ചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, വലിയ വിജയത്തിലേയ്‌ക്കാണ് പാപ്പൻ എന്ന ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തോരാത്ത മഴയിലും ആരാധകരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും വലിയ ജനത്തിരക്കാണ്. ഓഗസ്റ്റ് 4 ന് ജിസിസിലും ചിത്രം പ്രദർശനത്തിനെത്തും. ജിസിസി സെന്ററുകളിലേയ്‌ക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നു.
നാല് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നു മാത്രം സ്വന്തമാക്കിയത് 13.28 കോടി രൂപയാണ്. റിലീസ് ദിനത്തിൽ 3.16 കോടിയായിരുന്നു പാപ്പൻ സ്വന്തമാക്കിയത്. രണ്ടാം ദിവസം 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും നേടിയിരുന്നു. നാലാം ദിവസമായ തിങ്കാഴ്ച ചിത്രം നേടിയത് 1.72 കോടി രൂപയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായി മാറുകയാണ് പാപ്പൻ.
Comments