ന്യൂഡൽഹി : ചെങ്കോട്ടയിൽ നിന്ന് പാർലമെന്റിന് സമീപം വിജയ് ചൗക്കിലേക്ക് എംപിമാർ നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുക്കാതെ കോൺഗ്രസ് നേതാക്കൾ. ദേശീയ പതാക എന്നും തങ്ങളുടെ ഹൃദയത്തിൽ ഉണ്ടെന്നും അതിനാൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിച്ചത്. എല്ലാവരും ജവഹർലാൽ നെഹ്‌റു ദേശീയ പതാകയേന്തി നിൽക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് ഇന്ന് തിരംഗ ബൈക്ക് റാലി സംഘടിപ്പിച്ചത്. എല്ലാ പാർട്ടിയിലെ നേതാക്കളും റാലിയിൽ പങ്കെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരിപാടിയിൽ നിരധി എംപിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരിപാടിയിൽ നിന്ന് മാറിനിന്നു.
ത്രിവർണ്ണ പതാക നമ്മുടെ ഹൃദയത്തിലാണ് ഉള്ളത് എന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററർ അക്കൗണ്ടിൽ കുറിച്ചു. ”അത് രക്തമായി നമ്മുടെ സിരകളിലുണ്ട്. 1929 ഡിസംബർ 31 ന്, പണ്ഡിറ്റ് നെഹ്റു റാബി നദിയുടെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ പറഞ്ഞു, ‘ ത്രിവർണ്ണ പതാക ഉയർത്തിയിരിക്കുന്നു, അത് ഒരിക്കലും താഴ്‌ത്താൻ പാടില്ല’ എന്ന്. രാജ്യത്തിന്റെ അഖണ്ഡമായ ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഈ ത്രിവർണ്ണ പതാക എല്ലാവരുടെയും പ്രതീകമാണ്, ജയ് ഹിന്ദ്,’ എന്നാണ് ജവഹർലാൽ നെഹ്‌റു ത്രിവർണ്ണ പതാകയേന്തിക്കൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് പ്രതികരിച്ചത്.
തുടർന്ന് ദേശീയ പതാകയേന്തി നിൽക്കുന്ന നെഹ്‌റുവിന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കാനും പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ അഖണ്ഡത ഉർത്തിപ്പിടിച്ചുകൊണ്ട് ഓഗസ്റ്റ് 2 മുതൽ എല്ലാവരും തങ്ങളും പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഒട്ടനേകം ജനങ്ങൾ ഇത് ഏറ്റെടുത്തുകൊണ്ട് പ്രൊഫൈൽ ചിത്രം മാറ്റിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്‌റു പതാകയേന്തുന്ന ചിത്രമാക്കി മാറ്റാൻ കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചത്.
Comments