മുംബൈ : തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പരാതി നൽകിയതിന് പിന്നാലെ യാത്ര ചെയ്യുന്നതിന് ബുള്ളറ്റ് പ്രൂഫ് വാഹനമിറക്കി ബോളിവുഡ് താരം സൽമാൻ ഖാൻ. വെളുത്ത ടൊയോട്ട ലാൻഡ് ക്രൂയിസർ കാറാണ് താരം സ്വന്തമാക്കിയത്. വധഭീഷണി നേരിടുന്ന സാഹചര്യത്തിൽ കൈയ്യിൽ തോക്ക് സൂക്ഷിക്കാനും താരത്തിന് മുംബൈ പോലീസ് അനുമതി നൽകിയിരുന്നു.
ഒന്നരക്കോടി വിലമതിക്കുന്ന കാറിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഇവർക്കൊപ്പമാണ് എപ്പോഴും താരത്തിന്റെ യാത്ര. മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സൽമാൻ ഖാന്റെ സുരക്ഷയിൽ മാറ്റം വരുത്തിയ വിവരം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.
കോൺഗ്രസ് നേതാവ് സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ലോറൻസ് ബിഷ്ണോയാണ്, സൽമാൻ ഖാനും പിതാവിനുമെതിരെ വധഭീഷണി മുഴക്കിയത്. ”മൂസേവാലയ്ക്ക് നേരിടേണ്ടിവന്ന അതേവിധിയാകും നിനക്കും” എന്നാണ് ബിഷ്ണോയ് ഭീഷണിമുഴക്കിയത്. തുടർന്ന് താരം മുംബൈ പോലീസ് കമ്മീഷണറെ കണ്ട് തോക്ക് കൈവശം വെയ്ക്കാൻ അനുമതി വാങ്ങുകയായിരുന്നു.
Comments