ചണ്ഡീഗഡ്: ഹരിയാനയിലെ ഷഹാബാദിൽ മാരക പ്രഹരശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. ആർഡിഎക്സിൽ പൊതിഞ്ഞ 1.3 കിലോ ഗ്രാം തൂക്കമുള്ള ഐഇഡിയാണ് ഹരിയാനയിൽ നിന്നും കണ്ടെത്തിയത്. (ഉഗ്ര സ്ഫോടക ശേഷിയുള്ള വെളുത്ത പൗഡറാണ് ആർഡിഎക്സ്). സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിയായ ടാൺ ടരൺ അറസ്റ്റിലായി.
തലസ്ഥാന നഗരമായ ചണ്ഡിഗഡിൽ നിന്നും 70 കിലോ മീറ്റർ മാറി അംബാല-ഡൽഹി ദേശീയ പാതയിൽ നിന്നാണ് ബോംബ് കണ്ടെടുത്തതെന്ന് കുരുക്ഷേത്ര എസ്പി സുരീന്ദർ സിംഗ് അറിയിച്ചു. ബോംബ് സ്ക്വാഡെത്തി സ്ഫോടക വസ്തു നിർവീര്യമാക്കിയെന്നും അദ്ദേഹം അറിയിച്ചു.
അറസ്റ്റിലായ വ്യക്തിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിനം അടുത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഐഇഡി കണ്ടെടുത്തതെന്ന കാര്യവും ശ്രദ്ധേയമാണ്. അതിനാൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.
കഴിഞ്ഞ മാർച്ചിൽ അംബാല-ചണ്ഡീഗഡ് ഹൈവേയ്ക്ക് സമീപമുള്ള സദോപൂർ ഗ്രാമത്തിൽ നിന്നും മൂന്ന് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തിരുന്നു. ഗ്രാമത്തിലെ ഒരു പബ്ലിക് സ്കൂളിന് സമീപമുള്ള വിജനമായ ഗ്രൗണ്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
Comments