ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ 11-ാമത്തെ സ്വർണം സ്വന്തമാക്കിയ വിനേഷ് ഫോഗട്ടിന്റെ നേട്ടത്തിന് ഇത്തവണ തിളക്കം കൂടുതലാണ്. ഹാട്രിക് വേട്ട നടത്തിയാണ് വിനേഷ് ഫോഗട്ട് സ്വർണം വാരിയതെന്നതാണ് പ്രത്യേകത. 27-കാരിയായ ഫോഗട്ട് 53 കിലോ ഗ്രാം വിഭാഗത്തിൽ ശ്രീലങ്കൻ താരത്തെ പരാജയപ്പെടുത്തിയായിരുന്നു ഗുസ്തിയിൽ ഹാട്രിക് നേടിയത്.
2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന മത്സരത്തിലും 2014ൽ ഗ്ലാസ്ഗൗവിൽ വെച്ച് നടന്ന കോമൺവെൽത്തിലുമാണ് നേരത്തെ ഇവർ സ്വർണം സ്വന്തമാക്കിയത്. ഇത്തവണ ഫൈനലിൽ പ്രവേശിച്ച ഫോഗട്ട് രണ്ട് മിനിറ്റും 24 സെക്കൻഡും മാത്രമെടുത്ത് ശ്രീലങ്കയുടെ ചാമോദയ കേഷാനി മധുരവ്‌ളാഗെയെ തോൽപ്പിച്ചു.
11th Gold medal India 🥇 Vinesh Phogat #vineshphogat #CommonwealthGames2022 #CommonwealthGames #Wrestling pic.twitter.com/HUd8wf5IMe
— Nishant Rana (@nishantranaCRM) August 6, 2022
ഹാട്രിക് നേടുകയെന്നതാണ് സ്വപ്‌നമെന്ന് മത്സരത്തിന് മുമ്പ് തന്നെ വിനേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനാൽ ഇത്തവണ ബർമിംഗ്ഹാമിൽ എത്തുമ്പോൾ സ്വർണത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇത്തരത്തിലുള്ള വലിയ മത്സരങ്ങൾക്ക് പോകുമ്പോൾ കുടുംബാംഗങ്ങളുടെ ഉൾപ്പെടെ കോടിക്കണക്കിനാളുകളുടെ പ്രതീക്ഷയുമായാണ് എത്തുന്നത്. അതിനാൽ പരാമവധി മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ക്യാബിനിൽ ഇപ്പോൾ 14-ഓളം മെഡലുകളായി. എന്നാൽ ഒളിമ്പിക്‌സ് മെഡൽ ഇപ്പോഴും സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണെന്നുമായിരുന്നു മെഡൽ നേട്ടത്തിന് മുമ്പ് താരം പ്രതികരിച്ചത്.
ഒളിമ്പിക്‌സിലെ തോൽവി ഫോഗട്ടിന് വലിയ ഞെട്ടലും വേദനയും ഉണ്ടാക്കിയിരുന്നു. ഇനി മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന കടുത്ത തീരുമാനത്തിന് അരികിൽ വരെ അവളെത്തി. ഒടുവിൽ ടോക്കിയോ ഒളിമ്പിക്‌സിലെ പരാജയത്തെ മറികടക്കാൻ ഹാട്രിക് സ്വപ്‌നവുമായി ബർമിംഗ്ഹാമിൽ എത്തുകയായിരുന്നു 27-കാരിയായ വിനേഷ് ഫോഗട്ട്. ഈ വിജയത്തിലൂടെ 11-ാമത്തെ ഇന്ത്യ സ്വർണമാണ് സ്വന്തമാക്കിയത്. ഗുസ്തിയിൽ മാത്രം അഞ്ച് സ്വർണവും നേടി.
Comments