ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് വെങ്കലം. ന്യൂസിലൻഡിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. ഇരു ടീമുകളും മുഴുവൻ സമയം അവസാനിക്കുമ്പോൾ 1-1 എന്ന നിലയിൽ സമനിലയിലായിരുന്നു. ഇതോടെയാണ് മത്സരം പെനാൽട്ടിയിലേക്ക് നീങ്ങിയത്.
അവസാന നിമിഷം വരെയും 1-0 എന്ന നിലയിൽ ലീഡ് നിലനിർത്തി ഇന്ത്യ മെഡൽ ഉറപ്പിച്ചതായിരുന്നു. എന്നാൽ നാലാം പാദത്തിന്റെ അവസാനം ന്യൂസിലൻഡ് സമനില നേടിയതോടെ മത്സരം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ 18 സെക്കൻഡ് മാത്രം ബാക്കി നിൽക്കെയായിരുന്നു ന്യൂസിലൻഡിന്റെ സമനില ഗോൾ.
പെനാൽട്ടി ഷൂട്ടൗട്ടിൽ 2-1 എന്ന സ്കോറിലായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച സേവുകളിലൂടെ ഗോൾ കീപ്പർ സവിത പൂനിയ ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണായി. സെമി ഫൈനലിലെ വിവാദ പരാജയത്തിന്റെ ദു:ഖം മാറ്റുന്നതായി ഇന്ത്യയുടെ മെഡൽ നേട്ടം.
Comments