മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് റാഫി-ദിലീപ് കോംബോ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ മലയാളിയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇരുവരുടെ അടുത്ത സിനിമയായ ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ മുംബൈയിൽ നടക്കുകയാണ്. അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ദിലീപ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിൽ പാന്റും ഷൂം പ്രിന്റഡ് ഷർട്ടും കൂളിംഗ് ഗ്ലാസുമിട്ട് സ്ലോ മോഷനിൽ നടന്നു വരുന്ന വീഡിയായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിക്രം എന്ന സിനിമയിലെ ‘നായകൻ വീണ്ടും വരാ..’ എന്ന ഗാനമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിലീപ് ഓൺലൈൻ എന്ന് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച വോയ്സ് ഓഫ് സത്യനാഥന്റെ ചിത്രീകരണം ഇടയ്‌ക്കു വച്ച് താൽക്കാലികമായി നിർത്തിവച്ചിരുന്നു. പത്ത് മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയ്സ് ഓഫ് സത്യനാഥൻ’ നിർമ്മിക്കുന്നത്. റാഫി തന്നെയാണ് സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Comments