ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം കുറിച്ച സിന്ധു തന്റെ പരിശീലകർക്കും പരിക്കുകൾ സുഖപ്പെടുത്തി നൽകിയ ഡോക്ടർമാർക്കും നന്ദി പറഞ്ഞു.
എത്രയും വേഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്ധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചാമ്പ്യനുകളുടെ ചാമ്പ്യനെന്ന് പ്രശംസിച്ച പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.
#WATCH Badminton player PV Sindhu speaks about her gold medal win in Women's Singles in #CWG22 pic.twitter.com/kXeKqf1YW6
— ANI (@ANI) August 8, 2022
ഈ നേട്ടത്തിന് വേണ്ടി ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ബാഡ്മിൻറൺ താരം കൂട്ടിച്ചേർത്തു. ഒരു അത്‌ലെറ്റിനെ സംബന്ധിച്ചിടത്തോളം പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. കോമൺവെൽത്ത് മത്സരത്തിനായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിന് പിറകിൽ പരിശീലകരുടെയും ഡോക്ടറുടെയും വലിയ പിന്തുണയുണ്ട്. ഒരു അത്‌ലെറ്റ് ശാരീരികമായും മാനസികമായും ഫിറ്റായി ഇരിക്കുക എന്നത് പ്രധാനമാണ്. അതിനായി അവർ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസ് നാല് വർഷത്തിൽ ഒരിക്കലാണ് എത്തുക. അതിനാൽ ഈ സ്വർണ മെഡലിനായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി വിവിധ ടൂർണമെന്റുകൾ ഇനി വരികയാണ്. അടുത്തതായി ലോക ചാമ്പ്യൻഷിപ്പാണ് നടക്കാനിരിക്കുന്നതെ്‌നും സിന്ധു അറിയിച്ചു.
പിവി സിന്ധുവിന്റെ വിജയത്തിൽ അത്യധികം സന്തോഷമുണ്ടെന്നായിരുന്നു പരിശീലകനായ പാർക്ക് തായി സാംഗ് പ്രതികരിച്ചത്. കോമൺവെൽത്തിലെ സിന്ധുവിന്റെ ആദ്യ സ്വർണ മെഡലാണിത്. പരിക്കിൽ നിന്നും മോചിതയായി വളരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സിന്ധുവിന് കഴിഞ്ഞുവെന്നും പാർക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments