കമൽഹാസന്റെ വലിയ ഒരു തിരിച്ചുവരവിനാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയിലൂടെ തന്റെ താര ശോഭ മങ്ങി പോയിട്ടില്ലെന്ന് കമൽഹാസൻ തെളിയിച്ചു. എന്നാൽ വിക്രത്തിന് മുന്നേ തന്നെ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകർ സിനിമയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു. 2018 ലാണ് ഇന്ത്യൻ 2 പ്രഖ്യാപിക്കുന്നത്. 2019 ൽ ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില വാർത്തകളാണ് പുറത്തു വരുന്നത്.
ഇന്ത്യൻ എന്ന സിനിമയിൽ കൃഷ്ണസ്വാമി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണു ആയിരുന്നു. ഇന്ത്യൻ ടുവിലും അദ്ദേഹത്തിന്റെ കഥാപാത്രം പ്രധാന ഭാഗമാണ്. ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ നെടുമുടി വേണു തന്റെ ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം സിനിമയെ ബാധിച്ചു. ഇപ്പോൾ പുറത്തു വരുന്നതും അത് സംബന്ധിച്ചുള്ള ഒരു വാർത്തയാണ്. നെടുമുടിയുടെ അസാന്നിധ്യത്തില്‍ ചിത്രത്തിലെ അദ്ദേഹത്തിന്റെ രംഗങ്ങള്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കും. നെടുമുടിയുമായി രൂപ സാദൃശ്യമുള്ള നടന് നന്ദു പൊതുവാള് അവശേഷിക്കുന്ന രംഗങ്ങൾ പൂർത്തിയാക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ്.
1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിലെ പ്രകടനത്തിന് കമലിനെ തേടി ദേശീയ അവാർഡും എത്തിയിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ 2 സിനിമാ പ്രേമികളെ സംബന്ധിച്ച് വലിയ ചിത്രമാണ്. 2019 ല്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ട് പല കാരണങ്ങളാൽ മുടങ്ങി പോയി. 2020 ഫെബ്രുവരിയില്‍ ചിത്രീകരണ സ്ഥലത്ത് സംഭവിച്ച ക്രെയിന്‍ അപകടത്തില്‍ മൂന്നു പേര് മരണപ്പെടുകയും തുടർന്ന് താൽകാലികമായി ഷൂട്ടിംഗ് നിർത്തി വെയ്ക്കുകയുമായിരുന്നു.
Comments