തിരുവനന്തപുരം: ചിരിച്ചും ചിന്തിപ്പിച്ചും തിയറ്ററുകളെ ഇളക്കി മറിച്ച് മുന്നേറുന്ന ‘ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സിനിമയെ നെഞ്ചേറ്റിയ ആരാധകർക്ക് നന്ദി പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ വാർത്തകളും വീഡിയോകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സിനിമയുടെ പരസ്യം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സിനിമയെ ഡീ ഗ്രേഡ് ചെയ്യാനുള്ള ശ്രമവും ഇടത് പ്രൊഫൈലുകളിൽ നിന്നും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും വിലപ്പോയില്ലെന്നാണ് തിയറ്ററുകളിൽ നിന്നും ആദ്യ ദിനം ഉയരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഈ പ്രതികരണങ്ങളാണ് കുഞ്ചാക്കോ ബോബൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
പരസ്യത്തിൽ കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് പരാമർശിച്ചതാണ് വിവാദത്തിലേക്ക് വഴിവെച്ചത്. തിയറ്റുകളിലേക്കുള്ള വഴിയിൽ കുഴികാണും, എന്നാലും വന്നേക്കണേ എന്നായിരുന്നു പരസ്യത്തിൽ ഉണ്ടായിരുന്നത്. പരസ്യം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സഖാക്കൾ സിനിമയ്‌ക്കും കുഞ്ചാക്കോ ബോബനുമെതിരെ സൈബർ ആക്രമണവുമായി രംഗത്ത് വരികയായിരുന്നു.m
Comments