ന്യൂഡൽഹി: 75 വർഷങ്ങൾക്ക് ശേഷം പാകിസ്താനിലുളള സഹോദരൻ സാദിഖ് ഖാനെ കണ്ടതിന്റെ ആഹ്ലാദത്തിലും ഞെട്ടലിലുമാണ് സിക്കാ ഖാൻ. ഇന്ത്യ പാകിസ്താൻ വിഭജന കാലത്ത് വേർപിരിഞ്ഞതാണ് ഇരുവരും. തങ്ങളുടെ കുടുംബത്തിൽ ജീവിച്ചിരിക്കുന്ന ഏക അംഗമാണ് സാദിഖ് ഖാൻ എന്ന് തിരിച്ചറിഞ്ഞ സിക്കാ ഖാൻ സഹോദരനായുള്ള അന്വേഷണമാരംഭിച്ചിട്ട് വർഷങ്ങളായിരുന്നു. ഒടുവിൽ പാകിസ്താനിലെ യൂട്യൂബറായ നസീർ ദിലിക്കോണിന്റെ കാരുണ്യത്തിലാണ് തന്റെ രക്തത്തെ കണ്ടെത്താൻ കഴിഞ്ഞതെന്ന് സിക്കാ ഖാൻ വ്യക്തമാക്കുന്നു.
ഇന്ത്യ-പാകിസ്താൻ സഹോദരങ്ങളുടെ പിതാവും സഹോദരിയും വിഭജന സമയത്തെ കൂട്ടക്കൊലയിലാണ് മരിച്ചത്. തുടർന്ന് പത്തു വയസ്സുകാരനായ സാദിക്ക് പാകിസ്താനിലേക്ക് പലായനം ചെയ്യുകയായിരുന്നു. മക്കളും ഭർത്താവും മരിച്ചതിന്റെ ആഘാതം താങ്ങാനാകാതെ സിക്കയുടെ അമ്മ ആത്മഹത്യ ചെയ്തു.ആറു മാസം മാത്രം പ്രായമുള്ള സിക്ക പിന്നീട് വളർന്നത് ഗ്രാമവാസികളുടെ കരങ്ങളിലായിരുന്നു. കുട്ടിയായിരുന്നപ്പോൾ തന്നെ സഹോദരൻ പലായനം ചെയ്തുയെന്നും പാകിസ്താനിൽ ജീവിച്ചിരിപ്പുണ്ടെന്നും കുഞ്ഞു സിക്ക അറിഞ്ഞു. തുടർന്ന് തിരച്ചിലുകൾ ആരംഭിച്ചു. 75 വർഷങ്ങൾക്കിപ്പുറമാണ് തിരച്ചിലിനു വിരാമം ആകുന്നത്. 2019-ലാണ് ഗ്രാമത്തിലെ ഡോക്ടർ വഴി പാകിസ്താനി യൂട്യൂബറെ പരിചയപ്പെടുന്നത്. തുടർന്ന് സാദിക്കുമായി ഫോൺ വഴി ബന്ധപ്പെടുകയായിരുന്നു. പാകിസ്താൻ ക്ഷേത്രദർശനം നടത്താൻ ഇന്ത്യയിലെ സിക്ക് തീർത്ഥാടകരെ അനുവദിക്കുന്ന കർതാർപൂർ ഇടനാഴിയിൽ വെച്ചാണ് സഹോദരങ്ങൾ ജനുവരിയിൽ കണ്ടുമുട്ടിയത്.
പാകിസ്താനിലെ കർഷകനും യൂട്യൂബറുമായ ദിലിക്കോൺ ഇതു വരെ 300-ഓളം കുടുംബങ്ങളെ തന്റെ ചാനൽ വഴി ഒന്നിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സഹായത്തിനായി പാകിസ്താനി സിക്കുകാരനായ ഭൂപേന്ദ്രർ സിംഗുമുണ്ടെന്നും ദിലിക്കോൺ പറഞ്ഞു. തന്റെ പൂർവികർക്ക് നഷ്ടമായ സഹോദരങ്ങളെ കണ്ടെത്തി കൊടുക്കുന്നത് വരുമാനത്തിനല്ലെന്നും അഭിനിവേശം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കർതാർപൂരിൽ സാദിക്കും സിക്കയും കണ്ടുമുട്ടി സ്‌നേഹം പങ്കിട്ടപ്പോൾ ഇടനാഴിയിൽ സന്നിഹിതരായിരുന്ന 600-ഓളം ആളുകളുടെ ഉള്ളിലും സന്തോഷത്തിന്റെ കണ്ണീർ പൊഴിഞ്ഞെന്നും ദിലിക്കേൺ വ്യക്തമാക്കി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിഭജനത്തിന്റെ ഫലമായി വേർപിരിഞ്ഞവരെ സ്മരിക്കാതിരിക്കാനാവില്ല. ദശലക്ഷ കണക്കിനാളുകളാണ് 1947 ൽ ഇന്ത്യ, പാകിസ്താൻ എന്നീ സ്വതന്ത്ര രാജ്യങ്ങൾ പിറന്നപ്പോൾ വേർപിരിഞ്ഞത്. നിരവധി ആളുകൾ വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടു.
Comments