ശ്രീനഗർ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടൊപ്പം രക്ഷാബന്ധനും ഹൃദയത്തിലേറ്റുകയാണ് കശ്മീരിലെ ഭാവി തലമുറ. കശ്മീരിലെ ബിഎസ്എഫ് പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. നിയന്ത്രണ രേഖാ പ്രദേശത്ത് സ്‌കൂൾ കുട്ടികൾ ആവേശത്തോടെ ബിഎസ്എഫ് സൈനികർക്ക് രാഖി ബന്ധിക്കുന്ന ചിത്രങ്ങളാണിത്.
ബിഎസ്എഫ് കശ്മീർ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടത്. നിയന്ത്രണ രേഖാ പ്രദേശങ്ങൾ മാത്രമല്ല അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെയും അതുപോലെ സംരക്ഷിക്കുന്നുണ്ടെന്ന് ബിഎസ്എഫ് കുറിച്ചു. സൈനികരുടെ കൈത്തണ്ടയിൽ രാഖി ബന്ധിച്ചതിലൂടെ കശ്മീരിനോടും ബിഎസ്എഫിനോടുമുള്ള ഐക്യദാർഢ്യമാണ് കുട്ടികൾ പ്രകടിപ്പിക്കുന്നതെന്നും ബിഎസ്എഫ് ചൂണ്ടിക്കാട്ടി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കശ്മീരിലെ നൂറുകണക്കിന് സ്‌കൂളുകളിലാണ് തിരംഗ റാലി ഉൾപ്പെടെയുളള പരിപാടികൾ നടന്നുവരുന്നത്. ഇതിന്റെ പല ദൃശ്യങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് രക്ഷാബന്ധന്റെയും ചിത്രങ്ങൾ
ബിഎസ്എഫ് പങ്കുവെച്ചത്.
സമീപകാലത്തെങ്ങും കശ്മീർ സാക്ഷ്യം വഹിക്കാത്ത രീതിയിലാണ് ഓരോ സ്‌കൂളിലെയും കുട്ടികൾ ദേശീയപതാകയുമായി തിരംഗ റാലികളിൽ പങ്കെടുക്കുന്നത്. സൈന്യവും ഇത്തരം പരിപാടികളിൽ സുരക്ഷയൊരുക്കുന്നതിൽ സജീവമാണ്.















