മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ’ ക്യാമ്പെയിനിന്റെ ഭാഗമായി ദേശീയ പതാക ഏറ്റുവാങ്ങി വ്യവസായികളായ രത്തൻ ടാറ്റയും ആനന്ദ് മഹീന്ദ്രയും. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ പങ്കാളികളാകണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇരു വ്യവസായികളുടെയും വീട്ടിലെത്തി താപാൽ വകുപ്പ് ദേശീയ പതാക സമ്മാനിച്ചത്.
പോസ്റ്റ്മാസ്റ്റർ ജനറൽ സ്വാതി പാണ്ഡെയാണ് ദേശീയ പതാക കൈമാറിയത്. ഹർ ഘർ തിരംഗയുടെ ഭാഗമാകുന്നതിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര സന്തോഷം പങ്കുവെച്ചു. ‘ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി, മുംബൈയിലെ പോസ്റ്റ്മാസ്റ്റർ ജനറൽ സ്വാതി പാണ്ഡെയിൽ നിന്ന് ‘തിരംഗ’ സ്വീകരിക്കുന്നത് ഒരു ബഹുമതിയാണ്. ഞങ്ങളുടെ തപാൽ സംവിധാനത്തിൽ പതാക ഉയർത്തിയതിന് സ്വാതിയ്‌ക്ക് നന്ദി. അത് ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ ഹൃദയമിടിപ്പാണ്!’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പെയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യത്ത് വളരെ വിപുലമായി ആഘോഷിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. 13 മുതൽ 15 വരെ രാജ്യത്തെ പൗരന്മാർക്ക് വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 24 മണിക്കൂർ നേരവും പതാക ഉയർത്താം.
Comments