തിരുവനന്തപുരം; സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം. സമൂഹമാദ്ധ്യമങ്ങളിലൂടെ നുണ പ്രചാരണം നടത്താനാണ് സിപിഎം ശ്രമം. കേരളത്തിൽ ഉൾപ്പെടെ ഹർ ഘർ തിരംഗ ആവേശത്തോടെ ഏറ്റെടുത്ത സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന നുണപ്രചാരണമാണ് സിപിഎം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ല. അവരുടെ വിശ്വസ്തത കാവി പതാകയ്ക്കൊപ്പമാണെന്നാണ് സിപിഎം കണ്ടെത്തൽ. പ്രകൃതിദത്ത തുണിത്തരങ്ങൾക്കൊപ്പം പതാകനിർമാണത്തിന് പോളിസ്റ്റർകൂടി ഉൾപ്പെടുത്തി 2021 ഡിസംബറിൽ ഇന്ത്യയുടെ പതാക നിയമാവലി ഭേദഗതി ചെയ്തുവെന്നും കേന്ദ്ര സർക്കാരിന്റെ ചങ്ങാതിമാർക്ക് മെഗാ ലാഭത്തിനുളള അവസരമാണ് ഇതിലൂടെ ഒരുക്കി നൽകിയതെന്നും സിപിഎം ആരോപിക്കുന്നു.
സ്വാതന്ത്ര്യ സമരകാലത്തെ കമ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം മറച്ചുവെച്ചാണ് സിപിഎമ്മിന്റെ നുണപ്രചരണം. സിപിഎമ്മിന്റെ സ്ഥാപക പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഒമ്പത് പേരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി ദീർഘകാലം ജയിലിൽ കഴിഞ്ഞവരാണെന്ന് സുദീർഘമായ കുറിപ്പിൽ അവകാശപ്പെടുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അജൻഡയെ സ്വാധീനിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ വലിയ സംഭാവനകൾ നൽകിയെന്ന് സമൂഹമാദ്ധ്യമ പോസ്റ്റിൽ സിപിഎം സ്ഥാപിക്കുന്നു.
ഹിന്ദുത്വ, ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ വിഡി സവർക്കർക്ക് പ്രാധാന്യം കൊടുത്ത് പ്രചാരണം നടത്തുകയാണന്നും സിപിഎം ആരോപിക്കുന്നു. 1923-ൽ ഹിന്ദുത്വ എന്ന പദം സൃഷ്ടിച്ചത് സവർക്കറാണ്. ഹിന്ദുമതത്തിന്റെ ആചാരവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയ പദ്ധതിയായി അതിനെ നിർവചിച്ചു. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനെന്ന നിലയിൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രത്യേക മുസ്ലിം രാഷ്ട്രത്തിനായുള്ള പോരാട്ടത്തിന് മുഹമ്മദ് അലി ജിന്ന നേതൃത്വം നൽകുന്നതിന് രണ്ട് വർഷംമുമ്പുതന്നെ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ചത് സവർക്കറായിരുന്നുവെന്നും സിപിഎം പറയുന്നു.
രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ സവർക്കറും ഉണ്ടെന്ന് സമ്മതിച്ച സിപിഎം നിലപാട് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം വാദങ്ങൾ സിപിഎം നിരത്തുന്നത്. ഇടതു-ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മതനിരപേക്ഷ ശക്തികളെ അണിനിരത്താനും 75-ാം സ്വാതന്ത്ര്യ വാർഷികം ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Comments