പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ അക്ഷയ് കുമാർ. ഇന്ത്യയിൽ ജനിച്ച അക്ഷയ് കുമാറിന് കാനേഡിയൻ പൗരത്വമാണുള്ളതെന്ന് ആക്ഷേപിച്ച് പലരും നടനെ കടന്നാക്രമിക്കാറുണ്ട്. ഭാരതത്തിന്റെ സംസ്ക്കാരം മുറുക്കെ പിടിക്കുന്നതും കേന്ദ്രസർക്കാരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവുമാണ് വിമർശകരെ ചൊടിപ്പിക്കുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട് തന്നെ വിമർശിക്കുന്നവർക്ക് അവസാനം മറുപടി നൽകിയിരിക്കുകയാണ് നടൻ.
സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ നിരാശയോടെ എടുത്തതാണ് കാനേഡിയൻ പൗരത്വം എന്ന് അക്ഷയ് കുമാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് എന്റെ സിനിമകൾ കാര്യമായി പച്ച പിടിച്ചില്ല. 14-15 ഓളം സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. അതോടെ വേറെ ഏതെങ്കിലും നാട്ടിൽ ജോലി ചെയ്യാമെന്ന് കരുതി. നിരവധി ആളുകൾ ജോലിയ്ക്കായി അന്യ നാട്ടിലേയ്ക്ക് പോകുന്നു. അവർ ഇന്ത്യക്കാർ എന്നുതന്നെയല്ലെ നമ്മൾ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.
ഇവിടെ വിജയിക്കാൻ കഴിഞ്ഞില്ലാ എങ്കിൽ മറ്റൊരു നാട്ടിൽ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെയാണ് താൻ കാനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നത്. എന്നാൽ ഭാഗ്യം കൊണ്ട് തന്റെ സിനിമകൾ വിജയിക്കാൻ ആരംഭിച്ചു. അതോടെ വിദേശത്തേയ്ക്ക് പോകുന്നത് വേണ്ടെന്നു വെച്ചുവെന്നും അക്ഷയ്കുമാർ പറഞ്ഞു.
‘ഇപ്പോഴും തനിക്ക് കനേഡിയൻ പാസ്പോർട്ടാണുള്ളത്. എന്താണ് പാസ്പോർട്ട്, ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ആവശ്യമായ രേഖ, അത്രമാത്രം’ എന്ന് അക്ഷയ് കുമാർ പറഞ്ഞു. ഞാൻ ഭാരതീയനാണ്, എപ്പോഴും അതങ്ങനെ തന്നെ ആയിരിക്കും. ഞാൻ ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു എന്നും നടൻ വിമർശനത്തിന് മറുപടി നൽകി.
Comments