സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം എല്ലാവരും ആഘോഷമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നിർദ്ദേശ പ്രകാരം ഹർ ഘർ തിരംഗ സിനിമാ താരങ്ങളും ഏറ്റെടുത്തിരുന്നു. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും ഒരു താരത്തിന്റെ സ്വാതന്ത്ര്യദിനാഘോഷമാണ്. അത് മാറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട താരപുത്രൻ ദുൽഖർ സൽമാൻ തന്നെ. സീതാരാമത്തിന്റെ വിജയത്തിന് പിന്നാലെ തെലങ്കാനയിലാണ് ദുൽഖർ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
തെലങ്കാന പൊലീസിനൊപ്പം സൈബരാബാദിലാണ് ദുൽഖറും സീതാരാമത്തിന്റെ അണിയറ പ്രവർത്തകരും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തുറന്ന ജീപ്പിൽ പരേഡ് ഗ്രൗണ്ടിലെത്തിയ ദുൽഖർ പരേഡ് വീക്ഷിക്കുന്നതിന്റെയും പതാക ഉയർത്തുന്നതിന്റെയും വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയതിന് സൈബരാബാദ് മെട്രോപൊളിറ്റൻ പോലീസിന് നന്ദിയും താരം രേഖപ്പെടുത്തി.
ഓഗസ്റ്റ് 5 നാണ് ദുൽഖർ സൽമാൻ നായകനായ സീതാ രാമം തിയറ്ററിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലും ചിത്രം പ്രദർശനത്തിനെത്തി. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. മൃണാൾ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാർ.
Comments