വാക്സിനേഷനിലൂടെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഇടങ്ങളിലും പോളിയോ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു. ലണ്ടൻ, ന്യൂയോർക്ക്, ജറുസലേം എന്നിവിടങ്ങളിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തത് പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലോകമെമ്പാടുമുള്ള മാതാപിതാക്കളെ ഭീതിയിലാഴ്‌ത്തിയ രോഗമായിരുന്നു പോളിയോ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും രോഗം ബാധിച്ചിരുന്നത്. മിക്കവരിലും രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത ഈ രോഗം, ചിലരിൽ പനിയോടെയും ഛർദ്ദിയോടെയും ആരംഭിക്കുകയും മരണത്തിലേക്കോ സ്ഥായിയായ അംഗഭംഗത്തിലേക്കോ നയിക്കുകയും ചെയ്തിരുന്നു.
ചികിത്സയില്ലാതിരുന്ന ഈ രോഗത്തെ മെരുക്കാൻ സാധിച്ചത് 1950കളിൽ വാക്സിൻ കണ്ട് പിടിച്ചതോടെയായിരുന്നു. വാക്സിനേഷൻ സാർവത്രികമാക്കിയതോടെ, ഈ രോഗത്തിന്റെ ഭീഷണമായ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചിരുന്നു.
അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോഴും പോളിയോ വ്യാപനം സർവ്വസാധാരണമായി നിലനിൽക്കുന്നത്. തുറസ്സായ സ്ഥലങ്ങളിലെ വിസർജ്ജനത്തിലൂടെയാണ് രോഗം പടരുന്നത്. 1990കൾക്ക് ശേഷം വികസിത രാജ്യങ്ങളിൽ ഉൾപ്പെടെ കൂട്ടത്തോടെ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ഈ വർഷം ആദ്യമാണെന്നാണ് വിവരം.
പോളിയോ വൈറസിന് പ്രധാനമായും രണ്ട് വകഭേദങ്ങളാണ് ഉള്ളത്. സ്വാഭാവിക രോഗവ്യാപനത്തിന് പുറമെ, വാക്സിൻ സ്വീകരിച്ചവരിൽ നിന്നും പടരുന്ന ഇനം വൈറസാണ് നിലവിൽ പ്രതിസന്ധിക്ക് കാരണമാകുന്നത് എന്ന് അന്താരാഷ്‌ട്ര ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലണ്ടനിലും ന്യൂയോർക്കിലും മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ്. ജറുസലേമിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ന്യൂയോർക്കിൽ രോഗം ബാധിച്ച വ്യക്തിയിൽ അംഗഭംഗം സ്ഥിരീകരിച്ചു. 2021ൽ നൈജീരിയയിൽ വാക്സിൻ സ്വീകരിച്ചവരിൽ നിന്നും പടരുന്ന ഇനം വൈറസ് 415 പേരിൽ സ്ഥിരീകരിച്ചിരുന്നു.
വായയിലൂടെ നൽകുന്ന പോളിയോ വാക്സിനിൽ ഉപയോഗിക്കുന്നത് ദുർബലമാക്കപ്പെട്ട സജീവ വൈറസുകളാണ്. വാക്സിൻ സ്വീകരിക്കുന്ന കുട്ടികളുടെ വിസർജ്ജ്യത്തിൽ ഈ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടാകും. വാക്സിൻ സ്വീകരിക്കാത്തവർ ധാരാളമുള്ള സമൂഹത്തിൽ ഇത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വാക്സിനുകൾക്ക് പകരം ആധുനികമായ മറ്റ് വാക്സിനേഷൻ മാർഗ്ഗങ്ങൾ അവലംബിച്ചിരിക്കുന്ന ബ്രിട്ടനിലും അമേരിക്കയിലും രോഗം വ്യാപിക്കാൻ കാരണം, കൊറോണ വ്യാപനത്തിന് ശേഷം യാത്രാവിലക്ക് നീങ്ങയതോടെ വലിയ തോതിൽ വിദേശങ്ങളിൽ നിന്നും യാത്രികർ എത്തിയതാണ് എന്നും വിലയിരുത്തപ്പെടുന്നു.
കൊറോണ വ്യാപനത്തിന് ശേഷം, ചില വിഭാഗങ്ങൾ വലിയ തോതിൽ വാക്സിൻ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. കൊറോണ വാക്സിൻ മാത്രമല്ല, പോളിയോ വാക്സിൻ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെയും ഇക്കൂട്ടർ വ്യാപകമായി പ്രചാരണങ്ങൾ നടത്തുന്നുണ്ട്. കൂടാതെ, കൊറോണ വ്യാപനം പതിവ് രോഗപ്രതിരോധ ദൗത്യങ്ങളെ ആകെ തകിടം മറിച്ച സാഹചര്യവും സ്ഥിതി പ്രതികൂലമാക്കിയതായി ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നു. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലൂടെയും ബോധവത്കരണത്തിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ലോകരാജ്യങ്ങൾ.
Comments