കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ. ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് യുവജന റാലിയുടെ പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയെ ഷംസീർ വിമർശിച്ചത്. രാജ്യത്ത് കോൺഗ്രസ് എവിടെയാണ് ഉള്ളതെന്ന് ചോദിച്ച ഷംസീർ, രാഹുൽ കേരളത്തിൽ വരുന്നത് പഴംപൊരി തിന്നാനാണെന്ന് പരിഹസിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എംപി ഇടപെടുന്നില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
‘രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുൽ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയിൽ വരിക, പഴംപൊരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. കൽപ്പറ്റയിൽ വന്ന് പഫ്സ് തിന്നും. ഇതാണോ നേതാവ്?’ എന്ന് ഷംസീർ ചോദിക്കുന്നു. രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവർത്തനങ്ങൾ ഉണ്ടായി. അവർ മാപ്പും പറഞ്ഞു. അതിന്റെ പേരിൽ കേരളത്തിലേയ്ക്ക് രാഹുൽ ഗാന്ധി ഓടിയെത്തി. രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എവിടയാണ് രാഹുൽ എന്ന് എ.എൻ.ഷംസീർ ചോദിക്കുന്നു. ഞങ്ങൾ തോറ്റുപോയി, എന്നാൽ കേരളത്തിൽ നിന്നും 19 പേരെ ജയിപ്പിച്ചപ്പോൾ ജനത്തിനു മനസ്സിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്ന്. പ്രിയങ്കയുടെ മൂക്കും ഇന്ദിരയുടെ മൂക്കും ഒന്നുപോലെയാണ്, അതുകൊണ്ട് ജനം പ്രിയങ്കഗാന്ധിയ്ക്ക് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ല എന്നും ഷംസീർ പറഞ്ഞു.
Comments