ഗുരുഗ്രാം: ഗുരുഗ്രാമിലെ ക്ലബ്ബിൽ സൈനികനും സഹോദരങ്ങൾക്കും നേരെ ക്ലബ്ബ് ജീവനക്കാരുടെ ആക്രമണം.സംഭവത്തിൽ പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. സെക്ടർ 29 പ്രദേശത്തെ ക്ലബ്ബിനു പുറത്ത് രാത്രി വൈകിയായിരുന്നു സംഭവം.
സംഭവത്തിന്റെ ദൃക്‌സാക്ഷി റോഹ്തക് സ്വദേശി നായിക് സുനിൽ കുമാറാണ് പരാതി നൽകിയത്. ഇയാൾ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തുമ്പോഴും അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു. പോലീസ് ബലപ്രയോഗം നടത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.
ഗുരുഗ്രാമിലെ ഫ്രിക്ഷൻ ക്ലബ്ബിൽ 11.20-ഓടെയാണ് സൈനികനും സഹോദരങ്ങളും എത്തിയത്.നൃത്തം ചെയ്യുന്നതിനിടയിൽ ക്ലബ്ബിലെ സംഗീതം നിലച്ചു.തുടർന്ന് സൈനികന്റെ സഹോദരൻ പാട്ട് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ആവശ്യം നിഷേധിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് രണ്ട് പേർ ചേർന്ന ക്ലബ്ബിന് പുറത്ത് കൊണ്ടുപോയി വടികൊണ്ട് മർദ്ദിക്കുകയായിരുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവമാണിതെന്ന് പോലീസ് അറിയിച്ചു.ഉദ്യോഗ് വിഹാറിലെ ക്ലബ്ബിലെ മാനേജരും ജീവനക്കാരും ചേർന്ന് ക്ലബ്ബിൽ എത്തിയവരെ ആക്രമിച്ചിരുന്നു. മാനേജർ ഉൾപ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments