പാലക്കാട്: ഷാജഹാൻ കൊലപാതകത്തിൽ സിപിഎം മെനഞ്ഞ തിരക്കഥ ഏറ്റുപിടിച്ച് പോലീസ്. ശ്രീകൃഷ്ണ ജയന്തിയുടേയും ഗണേശോത്സവത്തിന്റെയും ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് ഷാജഹാനുമായി പ്രതികൾക്ക് തർക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പ്രതികൾ പലരും ‘പഴയ’ സിപിഎമ്മുകാരാണെന്നും ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥൻ അറിയിച്ചു.
മൂന്നാം പ്രതി നവീൻ കയ്യിൽ രാഖി കെട്ടിയത് ഷാജഹാൻ പൊട്ടിച്ച് കളഞ്ഞുവെന്നും ഇത് പ്രകോപനത്തിന് കാരണമായെന്നും പോലീസ് പറയുന്നു. 2019 മുതൽ ഷാജഹാനുമായി പ്രതികൾക്ക് വൈരാഗ്യമുണ്ട്. ഷാജഹാനുമായുള്ള പൊരുത്തക്കേടുകൾ മൂലം പ്രതികൾ സിപിഎമ്മിൽ നിന്ന് അകന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് പ്രധാന കാരണം. കടുത്ത ശത്രുതയാണ് പ്രതികൾക്ക് ഷാജഹാനോട് ഉണ്ടായിരുന്നതെന്നും എസ്പി പറയുന്നു. ദേശാഭിമാനി പത്രം ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കവും ഷാജഹാനുമായി ഉണ്ടായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം ഷാജഹാൻ വധം രാഷ്ട്രീയ കൊലയാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ ഇനിയും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
അതിനിടെ ഇന്നലെ പിടിയിലായ പ്രതികളിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നവീൻ, ശബരീഷ്, അനീഷ്, സുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾ കസ്റ്റഡിയിലാണെന്നും എസ്പി അറിയിച്ചു.
Comments