മുഖ്യമന്ത്രി ഏകാധിപതി; ഇപി ജയരാജൻ ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിക്കാരൻ; ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ വല്യേട്ടൻ കളിയെന്നും വിമർശനം

Published by
Janam Web Desk

കാസർകോട് : സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ രൂക്ഷവിമർശനം. വഴിയേ പോകുന്നവരെയെല്ലാം ഇപി മുന്നണിയിലേക്ക് ക്ഷണിക്കുകയാണെന്നാണ് വിമർശനം. ഉത്സവപ്പറമ്പിലെ മുച്ചിട്ടുകളിക്കാരനെപ്പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത് എന്നും വിമർശനമുയർന്നു.

വഴിയിൽ കാണുന്നവരെയെല്ലാം മുന്നണിയിലേക്ക് ക്ഷണിക്കുന്നത് ശരിയല്ല. ഇതുവരെ ഇല്ലാത്ത നടപടികളാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ മുൻപ് തീരുമാനിച്ചിരുന്നുള്ളൂ എന്നാണ് നേതാക്കൾ പറഞ്ഞത്.

പിണറായി സർക്കാരിന്റെ മന്ത്രിസഭയ്‌ക്കെതിരെയും വിമർശനം ഉയർന്നു. ഒന്നാം പിണറായി സർക്കാരിന്റെ പ്രവർത്തനം അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. പ്രധാനാദ്ധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മുഖ്യകാരണം സിപിഎമ്മിന്റെ വല്യേട്ടൻ കളിയാണെന്നും വിമർശനം ഉയർന്നു. ജില്ലയിലെ ആരോഗ്യ രംഗത്തെ കുറവുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രമേയവും സമ്മേളനത്തിൽ പാസാക്കി.

Share
Leave a Comment