ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ സൂഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിൻലൻഡിലെ പ്രതിപക്ഷ പാർട്ടികൾ.
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതിനുള്ള പരിശോധനയ്ക്ക് സന്ന മാരിൻ വിധേയയാകണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ പാർട്ടിക്കിടെ താൻ മദ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്ന് സന്ന മാരിൻ അവകാശപ്പെട്ടു. ‘ പാർട്ടിക്കിടെ വീഡിയോ എടുക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അത് പുറത്ത് വന്നതിൽ വിഷമമുണ്ട്. ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. മദ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.
പാർട്ടിക്കിടെ പാടുകയും ആടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതെല്ലാം നിയമപരമായ കാര്യങ്ങളാണ്. എന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഞാൻ ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നും’ സന്ന മാരിൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സന്ന മാരിൻ സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. ഇതിൽ ഇവർ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നതും പാട്ടു പാടുന്നതും കാണാം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മാരിൻ.
Comments