മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്; ഡൽഹിയിൽ 20 ഇടങ്ങളിൽ ഒരേസമയം പരിശോധന – CBI raids residence of Manish Sisodia over excise policy

Published by
Janam Web Desk

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്. എക്‌സൈസ് പോളിസി വിവാദവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ദേശീയ തലസ്ഥാനത്തെ ഏകദേശം ഇരുപതോളം ലൊക്കേഷനുകളിലും സിബിഐ ഇതേസമയം റെയ്ഡ് നടത്തുന്നുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വിറ്ററിലൂടെ പ്രതികരിച്ചു.

പുതിയ എക്‌സൈസ് നയം വിവാദമായതോടെ പഴയ എക്‌സൈസ് നിമയമാണ് ഡൽഹിയിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് പുനഃസ്ഥാപിച്ച പഴയ എക്‌സൈസ് നയം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ നയമനുസരിച്ച് ധാരാളം സ്വകാര്യ മദ്യശാലകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് വിമർശനമുയർന്നത്. പുതിയ നയം നടപ്പിലാക്കി ഒമ്പത് മാസം പിന്നിട്ടപ്പോഴേക്കും വിവാദം ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31ന് പുതിയ നയത്തിന്റെ കാലാവധി അവസാനിക്കും.

പുതിയ എക്സൈസ് നയം പ്രകാരം ഡൽഹിയിലെ മദ്യവിതരണ സംവിധാനത്തിൽ അടിമുടി മാറ്റം വന്നിരുന്നു. മദ്യവിൽപനയിൽ റീട്ടെയിൽ കച്ചവടം അവസാനിപ്പിച്ച് കൂടുതൽ സ്വകാര്യ ഔട്ട്‌ലെറ്റുകൾക്ക് മദ്യശാല നടത്താൻ അനുമതി നൽകുന്ന വിധത്തിലായിരുന്നു പുതിയ നയം. വിൽപന വർധിപ്പിക്കാൻ ഡിസ്‌കൗണ്ട്, റിബേറ്റ്, ഒന്നെടുത്താൽ ഒന്ന് സൗജന്യം തുടങ്ങിയ ഓഫറുകളും നൽകിയിരുന്നു.

Share
Leave a Comment