ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേത് ഉൾപ്പെടെ ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ പരിശോധന നടത്തിയത് മദ്യമാഫിയയുമായി ചേർന്ന് നടത്തിയ കുംഭകോണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനാലെന്ന് ബിജെപി. പുതിയ മദ്യനയത്തിന്റെ പേരിൽ ഡൽഹിയിൽ നടന്നിരിക്കുന്നത് വലിയ കുംഭകോണമാണെന്ന് ബിജെപി നേതാവ് ആദേശ് ഗുപ്ത പറഞ്ഞു. കൊറോണ വ്യാപനം രൂക്ഷമായി നിലനിന്നിരുന്ന സമയത്ത് ധൃതി പിടിച്ച് പുതിയ മദ്യനയം കൊണ്ടു വന്നത് പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നും ബിജെപി വ്യക്തമാക്കി.
144 കോടി രൂപയുടെ ബാദ്ധ്യത ഒഴിവാക്കി, കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകി. കമ്മീഷൻ രണ്ടര ശതമാനത്തിൽ നിന്നും 12 ശതമാനമായി ഉയർത്തി സർക്കാർ മദ്യലോബിയെ സഹായിച്ചു. കൊറോണയുടെ മറവിൽ നടന്ന പകൽക്കൊള്ളയാണ് ഇതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മദ്യനയം പുതുക്കിയ സമയത്ത് ഡൽഹി എക്സൈസ് കമ്മീഷണർ ആയിരുന്ന ആരവ ഗോപി കൃഷ്ണ, എന്നിവർ ഉൾപ്പെടെ ഏഴ് പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് സി ബി ഐ പരിശോധന നടത്തിയത്. എന്നാൽ, പരിശോധനകൾ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനായിരുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.
മദ്യപിക്കാനുള്ള പ്രായ പരിധി 21 വയസ്സിൽ നിന്നും 18 വയസ്സാക്കി കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി ശ്രമിച്ചതായി ബിജെപി പറഞ്ഞു. പ്രതിഷേധം ഭയന്നാണ് അവർ പുതിയ മദ്യനയം പിൻവലിക്കാൻ തയ്യാറായത്. അതുകൊണ്ടൊന്നും നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാമെന്ന് നേതാക്കൾ വ്യാമോഹിക്കേണ്ടതില്ല. എല്ല കള്ളത്തരങ്ങളും അന്വേഷണ ഏജൻസികൾ ഉടൻ വെളിച്ചത്ത് കൊണ്ടു വരുമെന്നും ആദേശ് ഗുപ്ത വ്യക്തമാക്കി.
Comments