ന്യൂഡൽഹി : കണ്ണൂർ സർവ്വകലാശാല വിസിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎമ്മിന്റെ പാർട്ടി കേഡറെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നത് എന്ന് ഗവർണർ ആഞ്ഞടിച്ചു. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വിസി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
കേരളത്തിൽ സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റുന്നു. താൻ ചാൻസലറായിരിക്കുമ്പോൾ അത് അനുവദിക്കില്ല. യോഗ്യതയുള്ളവരെ മാറ്റിനിർത്തിക്കൊണ്ട് സ്വന്തക്കാരെ നിയമിക്കുന്ന നടപടി അപമാനകരമാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ബന്ധു നിയമനങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർവ്വകലാശാല നിയമഭേദഗതിയുടെ ലക്ഷ്യം ബന്ധു നിയമനം തന്നെയാണ്. എന്നാൽ സർവ്വകലാശാലകൾ ബന്ധുക്കളെ നിയമിക്കുന്നതിനല്ല. കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments