ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടിക തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
എഐസിസി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടപടി ഓഗസ്റ്റ് 24 ന് ആരംഭിക്കാനാണ് തീരുമാനം. സെപ്തംബർ അവസാനത്തോടെ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുമായിരുന്നു ആലോചിച്ചിരുന്നത്.
നെഹ്രു കുടുംബത്തിൽ നിന്ന് തന്നെ നേതൃസ്ഥാനത്തേയ്‌ക്ക് ആൾ വരണമെന്ന് ചില നേതാക്കൾ വാശി പിടിക്കുമ്പോൾ ജനങ്ങൾക്ക് സ്വീകാര്യനായ മറ്റൊരു നേതാവിനെ നേതൃസ്ഥാനത്തേയ്‌ക്ക് പരിഗണിക്കണമെന്നാണ് വിമതപക്ഷത്തിന്റെ നിർദ്ദേശം.
2019 ലെ പൊതു തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നേതൃസ്ഥാനത്തേയ്‌ക്ക് തന്നെ പരിഗണിക്കേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് രാഹുൽ ഗാന്ധി. ഇതോടെ അടുത്ത ഊഴം പ്രിയങ്ക വാദ്രയ്‌ക്കായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന ഉത്തർപ്രദേശിലെ പ്രചാരണം വേണ്ടത്ര സ്വാധീനമുണ്ടാക്കാനായിരുന്നില്ല.
ഇതും നേതൃസ്ഥാനത്തേയ്‌ക്ക് രാഹുലിനെ വീണ്ടും പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. രാഹുലിനെ എത്രയും പെട്ടെന്ന് അനുനയിപ്പിച്ചോ സമ്മർദ്ദത്തിലാക്കിയോ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടാനാണ് മുതിർന്ന നേതാക്കൾ ആലോചിക്കുന്നത്.
















Comments