പത്തനംതിട്ട: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. ആർഎസ്എസ് ശബരിഗിരി ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി.
വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കെ.ടി ജലീലിനെതിരെ കേസ് എടുക്കാൻ ഉത്തരവിടണമെന്നായിരുന്നു അരുണിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ച ജഡ്ജി രേഷ്മ ശശിധരനാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ ഉത്തരവിട്ടതും ഇതേ കോടതിയാണ്. ശനിയാഴ്ചയായിരുന്നു കെ.ടി ജലീലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ കോടതിയെ സമീപിച്ചത്.
ജമ്മു കശ്മീർ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീൽ, ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചിരുന്നു.
Comments