തിരുവനന്തപുരം : അധികാര ദുർവിനിയോഗം കണ്ടെത്തി പിരിച്ചുവിട്ട ഇൻസ്‌പെക്ടറെ തിരിച്ചെടുത്ത് പോലീസ്. തൊടപുഴ എസ്എച്ചഒ ആയിരുന്ന എൻജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈം ബ്രാഞ്ചിൽ നിയമിച്ചത്. 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശ്രീമോനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.
കസ്റ്റഡി മർദ്ദനം , കൈക്കൂലി, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉദ്യോഗസ്ഥന് നേരിട്ടിരുന്നു. 70 ഓളം പരാതികൾ ഇയാൾക്കെതിരെ കുമിഞ്ഞ് കൂടിയിരുന്നു. ഇതിൽ 18 എണ്ണത്തിൽ കഴമ്പുണ്ടെന്നും വ്യക്തമായിരുന്നു.
ഇയാൾക്കെതിരെ പരാതിക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിൽ അധികാര ദുർവിനിയോഗം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. എൻജി ശ്രീമോനെപ്പോലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് ഹൈക്കോടതി അന്ന് പരാമർശിച്ചത്. തുടർന്ന് സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയുമുണ്ടായി.
ഹൈക്കോടതി നടപടിക്കെതിരെ ശ്രീമോൻ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ചശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയാണ് അനുകൂല നിലപാട് സ്വീകരിച്ചത്.. തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ തിരിച്ചെടുത്തത്.
ക്രൈം ബ്രാഞ്ചിലാണ് ഉദ്യോഗസ്ഥന് പുതിയ നിയമനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുമായി തർക്കത്തിലേർപ്പെട്ട വട്ടപ്പാറ സിഐയെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവിൽ തന്നെയാണ് എൻജി ശ്രീമോനെ ക്രൈം ബ്രാഞ്ചിൽ നിയമിച്ചുവെന്ന ഉത്തരവും പുറപ്പെടുവിച്ചത്.
















Comments