ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിന്റെ കുടിലതയും ഭീരുത്വവും വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ സൈന്യം പിടികൂടിയ ഇസ്ലാമിക ഭീകരൻ. ഓഗസ്റ്റ് 21ന് നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്നും പിടിയിലായ പാക് അധീന കശ്മീർ സ്വദേശിയായ ഭീകരൻ തബറാക് ഹുസൈൻ കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്ത് വന്നു. ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്നാണ് വെളിപ്പെടുത്തൽ.
രജൗറി ജില്ലയിലെ നൗഷേരയിലെ ജാംഗർ മേഖലയിൽ നിന്നുമാണ് തബറാക് ഹുസൈൻ പിടിയിലായത്. മറ്റ് നാല് ഭീകരരോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ലഷ്കർ ഭീകരനായ തബറാക് ഹുസൈൻ പാകിസ്താൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് ഇത് രണ്ടാം തവണയാണ് തബറാക് ഹുസൈൻ പിടിയിലാകുന്നത്. ഇതിന് മുൻപ് ഇളയ സഹോദരൻ ഹാരോൺ അലിയോടൊപ്പം ഇയാൾ ഇന്ത്യയിൽ പിടിയിലായിരുന്നു. 26 മാസം ജയിൽ ശിക്ഷ നൽകിയ ശേഷം ഇരുവരെയും വാഗ അതിർത്തി വഴി ഇന്ത്യ തിരികെ അയച്ചിരുന്നു.
അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ഭീകരർക്ക് പാകിസ്താൻ സൈന്യം പിന്തുണ നൽകുന്നുണ്ട് എന്ന ഇന്ത്യൻ കണ്ടെത്തലിന് ശക്തമായ സാധൂകരണം നൽകുന്നതാണ് തബറാക് ഹുസൈന്റെ വാക്കുകൾ.
Comments