ന്യൂഡൽഹി: അതിർത്തിയിലൂടെ നുഴഞ്ഞു കയറി ചാവേറാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ലഷ്കർ ഭീകരന് രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈന്യം. മുറിവേറ്റ് വീണ അവനെ ഞങ്ങൾ ഒരു ഭീകരനായല്ല കണ്ടത്. ഏതൊരു രോഗിയുടേതും എന്നത് പോലെ അയാളുടെയും ജീവൻ രക്ഷിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ബ്രിഗേഡിയർ രാജീവ് നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാനാണ് അവൻ വന്നത്. അവന് ഒടുവിൽ ഞങ്ങൾ രക്തം ദാനം ചെയ്തു. ഇത് ഇന്ത്യൻ സൈന്യത്തിന്റെ മഹത്വമാണ് വ്യക്തമാക്കുന്നത്. അവന്റെ രക്ത ഗ്രൂപ്പ് ‘ഒ’ നെഗറ്റീവ് ആയിരുന്നു. അപൂർവ്വമായ ഗ്രൂപ്പാണ് അത്. ബ്രിഗേഡിയർ രാജീവ് നായർ വിശദീകരിച്ചു.
അയാളുടെ ശരീരത്തിൽ രണ്ട് ഇടങ്ങളിലായാണ് വെടിയേറ്റിരുന്നത്. തുടയിലെയും ചുമലിലെയും മുറിവുകളിൽ നിന്നും ധാരാളം രക്തം നഷ്ടമായിരുന്നു. അവന് സൈനികർ മൂന്ന് കുപ്പി രക്തം നൽകി. ശസ്ത്രക്രിയക്ക് വിധേയനാക്കി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അയാളുടെ ആരോഗ്യസ്ഥിതി ശുഭകരമാണെന്നും ബ്രിഗേഡിയർ രാജീവ് നായർ വ്യക്തമാക്കി.
ഓഗസ്റ്റ് 21ന് നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്നും പിടിയിലായ പാക് അധീന കശ്മീർ സ്വദേശിയായ ഭീകരൻ തബറാക് ഹുസൈനാണ്, ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്ന് വെളിപ്പെടുത്തിയത്. ലഷ്കർ ഭീകരനായ ഇയാൾ പാകിസ്താൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്നായിരുന്നു ഹുസൈന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
Comments