ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരായ മദ്യകുംഭകോണ കേസിൽ സി ബി ഐ അന്വേഷണം ശക്തമാക്കിയതോടെ പ്രതിസന്ധിയിലായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഈ സാഹചര്യത്തിൽ കെജ്രിവാൾ പാർട്ടി എം എൽ എമാരുടെ യോഗം വിളിച്ചു. നാളെ സ്വവസതിയിലാണ് കെജ്രിവാൾ നിർണ്ണായക യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തിൽ, സി ബി ഐ, എൻഫോഴ്സ്മെൻ്റ് റെയ്ഡുകളാകും പ്രധാന ചർച്ചാ വിഷയം. സി ബി ഐയുടെയും ഇഡിയുടെയും നീക്കങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് എതിരാണെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. സി ബി ഐ, എൻഫോഴ്സ്മെൻ്റ് റെയ്ഡുകൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണം.
കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ ഡൽഹി എക്സൈസ് നയം നടപ്പാക്കുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെ സി ബി ഐ അന്വേഷണം ആരംഭിച്ചത്. സർക്കാരിന്റെ പുതുക്കിയ എക്‌സൈസ് നയത്തിൽ കഴിഞ്ഞ മാസം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
Comments