ബംഗളൂരു : ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 99 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ തെലങ്കാന സ്വദേശിയായ ട്യൂഷൻ ടീച്ചറിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് ട്രോളി ബാഗുകളിലായി 14 കിലോ ഹെറോയിൻ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഓഗസ്റ്റ് 19 ന് എത്യോപ്യയിൽ നിന്നാണ് ഇത് രാജ്യത്തെത്തിച്ചത്. ബംഗളൂരു വഴി ഡൽഹിയിലേക്ക് വൻ തോതിൽ ഹെറോയിൻ കടത്തുന്നതായി ഡിആർഐ യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തെലങ്കാന സ്വദേശിയെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ട്രോളിക്കുള്ളിലെ രഹസ്യ അറയിൽ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകളിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.
വീട്ടിൽ കുട്ടികൾക്ക് ട്യൂഷനുകൾ നടത്തുന്ന അദ്ധ്യാപകനാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. വിദേശ ജോലി എന്ന പരസ്യം കണ്ടാണ് ഇയാൾ മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാകുന്നത്. തുടർന്ന് മയക്കുമരുന്ന് കാരിയറാകാൻ എത്യോപ്യയിലേക്ക് പോയി. എത്യോപ്യയിൽ നിന്നെത്തിച്ച മയക്കുമരുന്ന് ഡൽഹിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിന് പിന്നിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Comments