ന്യൂഡൽഹി : 2003 ൽ കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് പുനരാരംഭിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. നന്ദിമാർഗ് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട മോഹൻ ലാൽ ഭട്ട് എന്നയാളാണ് ആ കറുത്ത ദിനത്തെപ്പറ്റി പറയുന്നത്.
ലഷ്‌കർ ഭീകരർ നടത്തിയ മനുഷ്യവേട്ടയിൽ മോഹൻ ലാൽ ഭട്ടിന് തന്റെ കുടുംബത്തെ മുഴുവൻ നഷ്ടമായിരുന്നു. അച്ഛൻ രാധ കൃഷ്ണൻ ഭട്ടിനെയും അമ്മ ഗീത ഭട്ടിനെയും സഹോദരി പ്രീതിമയെയും അമ്മാവൻ ലോക്‌നാഥ് ഭട്ടിനെയും ഭീകരർ നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത് എന്ന് മോഹൻലാൽ ഭട്ട് പറയുന്നു. സംഭവം നടക്കുന്ന സമയം താൻ അവിടെയുണ്ടായിരുന്നുവെന്ന് മോഹൻലാൽ ഭട്ട് വെളിപ്പെടുത്തി. മൂന്നാം നിലയിൽ നിന്ന് താഴെ വീണ താൻ ടിന്നിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് മാത്രമാണ് അന്ന് ഭീകരരിൽ നിന്നും താൻ രക്ഷപ്പെട്ടത് .
‘രാത്രി 10:30 മണിയോടെ ഞങ്ങളെല്ലാവരും ഉറങ്ങിപ്പോയിരുന്നു. പെട്ടെന്ന്, പുറത്ത് നിന്ന് ജനൽ ചില്ലുകൾ തകർക്കുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു. വാതിൽ പകുതി തുറന്നു നോക്കിയപ്പോൾ, പട്ടാള യൂണിഫോം ധരിച്ച ആളുകളെയാണ് കണ്ടത്. തങ്ങൾക്കുള്ളതെല്ലാം എടുത്തോളൂ ഞങ്ങളെ വെറുതെ വിടണമെന്ന് അമ്മ അവരോട് കേണപേക്ഷിച്ചു. എന്നാൽ ഞങ്ങൾ നിങ്ങളെ എന്നെന്നേക്കുമായി നിശബ്ദരാക്കുമെന്നാണ് അവർ പറഞ്ഞത്,’ മോഹൻലാൽ ഭട്ട് പറഞ്ഞു.
‘ഇതിന് പിന്നാലെ തീവ്രവാദികൾ വെടിയുതിർക്കുന്നതാണ് കണ്ടത്. വെടിയൊച്ചയുടെ ശബ്ദം മാത്രമേ എനിക്ക് കേൾക്കാൻ സാധിച്ചുളളൂ. ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. അവൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ അവർ ആ കുഞ്ഞിനെയും വെടിവെച്ച് കൊന്നു. രണ്ട് വയസ്സുകാരനെപോലും ഭീകരർ വെറുതെവിട്ടില്ല, അവനെയും തീർത്തുകളഞ്ഞു’, ഭട്ട് പറഞ്ഞു.
ജമ്മു കശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ, കശ്മീരി പണ്ഡിറ്റുകൾ ഒരിക്കലും താഴ്വര വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിച്ചു. അവർ ഗ്രാമം മുഴുവൻ പൂട്ടിയിടുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. കശ്മീരിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങളെ അവർ അനുവദിച്ചില്ല. നന്ദിമാർഗിൽ വിന്യസിച്ചിരുന്ന പ്രാദേശിക പോലീസാണ് അന്ന് ഭീകരർക്ക് കശ്മീരി പണ്ഡിറ്റുകളുടെ വീട് കാണിച്ചുകൊടുത്തത്. ഞങ്ങളെയെല്ലാം കൊല്ലുന്നത് അവർ കൈയ്യും കെട്ടി നോക്കിനിന്നു. തോക്കെടുത്ത് ഒരു തവണ പോലും വെടിയുതിർക്കാൻ അവർ തയ്യാറായില്ലെന്നും ഭട്ട് ആരോപിച്ചു. 11 പുരുഷന്മാരും 11 സ്ത്രീകളും 2 കുട്ടികളുമാണ് അന്നത്തെ ആക്രമണത്തിൽ മരിച്ചത് എന്നും ഭട്ട് കൂട്ടിച്ചേർത്തു.
Comments