ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ സന്ദർശിച്ചു. പൊന്നാട ചാർത്തിയാണ് താരത്തെ നദ്ദ സ്വീകരിച്ചത്. ഇന്ത്യൻ ക്രിക്കറ്റിനായി മൂന്ന് പതിറ്റാണ്ടോളം ഒരു വനിത നടത്തിയ പോരാട്ടം എല്ലാ പെൺകുട്ടികൾക്കും കായിക താരങ്ങൾക്കും പ്രേരണയാണെന്നും നദ്ദ പറഞ്ഞു.
നദ്ദയുടെ സ്വീകരണത്തിന് നന്ദി അറിയിച്ച മിതാലി പ്രധാനമന്ത്രി കായികരംഗത്തിന് നൽകുന്ന സംരക്ഷണത്തെ ഏറെ പ്രശംസിച്ചു. ഓരോ ചെറിയതും വലുതുമായ വിജയങ്ങളിൽ കായികതാരങ്ങൾക്കൊപ്പം നിൽക്കുന്ന നരേന്ദ്രമോദിയുടെ പ്രോത്സാഹനം വിവരിക്കുന്നതിനുമപ്പുറമാണെന്നും മിതാലി പറഞ്ഞു. താരങ്ങളുടെ തോൽവിയിൽ അവരെ ആശ്വസിപ്പിക്കുന്ന ഒരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് മിതാലി അഭിപ്രായപ്പെട്ടതായും നദ്ദ വിശദീകരിച്ചു.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും ഈ വർഷമാണ് മിതാലി രാജ് തന്റെ ദൗത്യം പൂർത്തിയാക്കി വിരമിച്ചത്. എന്നാൽ കായികരംഗത്തിന്റെ വളർച്ചയ്‌ക്കായി തന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും മിതാലി മുന്നേ അഭിപ്രായപ്പെട്ടിരുന്നു.















