ചെന്നൈ: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ വിനായക ചതുർത്ഥി ആഘോഷിക്കാൻ കോളനി നിവാസികൾക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂരിലെ പുല്ലക്കാട് ഹൗസിംഗ് യൂണിറ്റിൽ വിഗ്രഹം സ്ഥാപിക്കുന്നതിനും ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്. ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ പ്രദേശത്തെ ഹിന്ദു വിശ്വാസികൾക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
കോളനിവാസിയായ മഹാലക്ഷ്മി നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി. ഓഗസ്റ്റ് 31 നാണ് വിനായക ചതുർത്ഥി. ഇതിനോട് അനുബന്ധിച്ച് പ്രദേശത്ത് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിന് അനുമതി തേടി കോളനി നിവാസികൾ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ മുസ്ലീം ഭൂരിപക്ഷ മേഖലയായതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നായിരുന്നു പോലീസ് പറഞ്ഞ്. ഇതേ തുടർന്നാണ് അനുമതി ആവശ്യപ്പെട്ട് മഹാലക്ഷ്മി പോലീസിനെ സമീപിച്ചത്. ജസ്റ്റിസ് സതീഷ് കുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഗണേശ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയത്.
ഹൗസിംഗ് കോളനിയിൽ ഉള്ളവർക്ക് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും, വിനായക ചതുർത്ഥി ആഘോഷിക്കാനുള്ള അനുമതി നൽകാൻ പോലീസിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
അതേസമയം മുസ്ലീം ഭൂരിപക്ഷ മേഖലയായതിനാൽ അനുമതി നൽകുന്നതിന് പരിമിതിയുണ്ടെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. വിനായക ചതുർത്ഥി ആഘോഷങ്ങൾ പ്രദേശത്തെ ക്രമസമാധാനത്തിന് ഭംഗം വരുത്തിയേക്കാം. ഇതുകൊണ്ടാണ് അനുമതി നൽകാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നിരീക്ഷിച്ച കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
















Comments